Kerala
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഊർജ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് കാരണമുണ്ടെന്നും എന്നാൽ സമഗ്രമായ ഒരു വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് ഈ പ്രതിസന്ധി മാനേജ് ചെയ്യാനും ശാശ്വതമായ പരിഹാരമുണ്ടാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ വരുന്ന പുതിയ വൈദ്യുതി നയത്തിൽ സൗരോർജത്തിന് മുഖ്യസ്ഥാനം നൽകും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസം തന്നെ വരും.
ഉത്തരവാദിത്തം ആരുടേയും തലയിൽ വയ്ക്കുന്നില്ലെന്നും ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർക്ക് കുളം കലക്കി മീൻ പിടിക്കുക എന്ന ഏർപ്പാടാണെന്നും വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തതയാണ് മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഹൈഡ്രൽ പവർ സാധ്യമല്ല. അതിനാൽ നോൺ കൺവൻഷനൽ എനർജി സോഴ്സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയിൽ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരുപയോഗ എനർജി എന്ന് പറയുമ്പോൾ കെഎസ്ഇബിയിലെ ചിലർക്ക് ചൊറിച്ചിലാണ്. പ്രശ്നം വഷളാകട്ടെ എന്ന് കരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ കാരണം പുതിയ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ നടപടികളെ കുറ്റപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ വൈദ്യുതി കരാറിന് സർക്കാരിന്റെയോ റെഗുലേറ്ററി കമ്മിഷന്റെയോ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് പിന്നീട് കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്നതാണ് യുഡിഎഫിന്റെ പുതുയുഗമെന്ന് പിണറായി വിജയൻ ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾ ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി പവര്‍കട്ട് അലര്‍ട്ട് സംവിധാനം നിലവില്‍വരുമെന്നു വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
വൈകുന്നേരം 6.30 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയുള്ള സമയത്താണ് നിലവില്‍ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം മെഗാവാട്ടിനോട് അടുത്ത വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ചൂട് കൂടുമ്പോൾ ഉപയോഗം കൂടുന്നു. മഴ കുറയുന്പോൾ ഉത്പാദനം കുറയുന്നു.
ഉത്തരേന്ത്യയിൽനിന്നും വൈദ്യുതി ലഭിക്കുന്നില്ല. കൽക്കരി ക്ഷാമവും കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നു. പകൽ വൈദ്യുതി നല്കാൻ കമ്പനികളുണ്ട്. രാത്രിയിലാണ് നമുക്ക് ആവശ്യം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ ചെറിയ തോതിലുണ്ടായ വര്‍ധന ആശ്വാസകരമാണ്. മഴ ലഭിക്കാനുള്ള സാധ്യതയുമള്ളതിനാല് അതെല്ലാം ആശ്വാസകരമാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബിയെന്നും അദ്ദേഹംപറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയും ഭാഗിക നിയന്ത്രണങ്ങളും സംബന്ധിച്ച് ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി സണ്ണി ജോസഫാണ് യോഗം വിളിച്ചത്. രാവിലെ 11ന് മന്ത്രിയുടെ ചെമ്പറിൽ വച്ചാണ് യോഗം ചേരുക. കെഎസ്ഇബി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം രാത്രിയിൽ പലയിടത്തും ഒന്നിലധികം തവണ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. കൊടുംചൂടിൽ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം. സമാന സ്ഥിതിയുള്ളതിനാൽ നിയന്ത്രണം തുടര്‍ന്നേക്കും.
District News
കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തുന്നതിനെതിരേ പ്രതിഷേധ വെളിച്ചം തീര്‍ത്ത് സിപിഎം.
വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാതെ നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ് നയത്തിനെതിരേ ജില്ലയിലെ മുഴുവന്‍ ലോക്കല്‍ കേന്ദ്രങ്ങളിലും മെഴുകിതിരി തെളിയിച്ച് പ്രതിഷേധിച്ചു.
വീടുകളിലും പ്രതിഷേധാഗ്നി ജ്വലിച്ചു. മഴക്കാലത്തുപോലും നിരന്തരം വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ ലോക്കല്‍ കേന്ദ്രങ്ങളിലും സമരജ്വാല ഉയര്‍ന്നത്. വൈദ്യുതി വാങ്ങുന്നതിലുള്‍പ്പെടെ ആവശ്യമായ ക്രമീകരണം നടത്താതെ ജനങ്ങളെ സര്‍ക്കാര്‍ ദുരിതത്തിലാഴ്ത്തുകയാണ്.
യുഡിഎഫ് നേതൃത്വവും സര്‍ക്കാരും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിന് ഉത്തരം പറയണമെന്നും വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും സിപിഎം ആവശ്യപ്പെട്ടു. ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട എട്ടേനാലില്‍ ജില്ലാ സെക്രട്ടറി കെ. റഫീഖ് നിര്‍വഹിച്ചു. പി.സി. ബെന്നി അധ്യക്ഷതവഹിച്ചു. എം. മുരളീധരന്, കെ. വിജയന്, എം.പി. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി. ഗഗാറിന് വൈത്തിരിയിലും പി.വി. സഹദേവന് മാനന്തവാടി ടൗണിലും രുഗ്മിണി സുബ്രഹ്മണ്യന് കേണിച്ചിറയിലും എ.എന്‍. പ്രഭാകരന്, എം. മധു എന്നിവര്‍ ഏച്ചോത്തും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഏറ്റവും കൂടുതൽ വൈദ്യുതി ചെലവുള്ള (പീക്ക്) സമയങ്ങളിലെ ആവശ്യകത നേരിടാൻ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾക്ക് (ബെസ്) മുൻഗണന നൽകി സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിലുള്ള ആറ് ബെസ് പദ്ധതികളായ മൈലാട്ടി, ശ്രീകണ്ഠാപുരം, മുള്ളേരിയ, അരീക്കോട്, പോത്തൻകോട്, ബ്രഹ്മപുരം എന്നിവ കമ്മീഷൻ ചെയ്യുന്നതോടെ കപ്പാസിറ്റിയിൽ 500 മെഗാവാട്ട് വർധിപ്പിക്കാനും എനർജി സംഭരണശേഷിയിൽ 1500 മെഗാവാട്ട് വർധിപ്പിക്കാനും കഴിയുമെന്നു സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സംബന്ധിച്ചു ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിൽ മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇതിൽ അഞ്ചു പദ്ധതികൾ 2026 അവസാനത്തോടെ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഡിസ്കവറി എഫിഷന്റ് ഇലക്ട്രിസിറ്റി പ്രൈസ് പോർട്ടൽ വഴി കഴിഞ്ഞ 15 മുതൽ ഡിസംബർ 31 വരെ ഷോർട്ട് ടേം പവർ പർച്ചേസ് നടത്താനുള്ള അനുമതി നൽകിയും താരിഫ് അംഗീകരിച്ചും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവായിരുന്നു. ഈ നടപടികളിലൂടെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം കഴിയുന്നത്ര കുറയ്ക്കാനുള്ള ബോധവത്കരണവും ആവശ്യമാണ്.
മഴയുടെ ലഭ്യതക്കുറവു മൂലം സംഭരണ ഡാമുകളിലേക്കുള്ള നീരൊഴുക്ക് സാരമായി കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ വൈദ്യുതി ഉപയോഗം വർധിച്ചു. ഇതു നേരിടാനായി ഇതരസംസ്ഥാനങ്ങളിൽനിന്നു വൈദ്യുതി കടം വാങ്ങി. ജൂണ്‍ 16 മുതൽ തിരികെ നൽകാമെന്ന കരാറിലാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി വായ്പയായി വാങ്ങിയത്. പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യകത നേരിടുന്നത് ഉയർന്ന വിലയ്ക്കു പുറമേനിന്ന് വൈദ്യുതി വാങ്ങിയാണ്.
പകൽസമയത്ത് സോളാറിൽനിന്നും മറ്റും വൈദ്യുതി ലഭ്യമാകുന്നതിനാൽ വളരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടുമെങ്കിലും പീക്ക് സമയങ്ങളിൽ യൂണിറ്റിന് 10 രൂപ വരെ നൽകേണ്ടി വരും: മന്ത്രി പറഞ്ഞു. ആഭ്യന്തര വൈദ്യുതി ഉത്പാദനശേഷി വർധിപ്പിക്കുന്നതും ലാഭകരമായ ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നതാണ് ഇതിനുള്ള പരിഹാരം. നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ കപ്പാസിറ്റി വർധിപ്പിക്കുന്നതു സംബന്ധിച്ച പഠനങ്ങളും പന്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ നടപടികളും നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം കൂടുതൽ സമയം എടുക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.